സോളാര്‍ സമരം ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇടതുമുന്നണിയും ധാരണയിലെത്തി തീര്‍ത്തത്; മുന്‍കൈയെടുത്തത് തിരുവഞ്ചൂരെന്നും സി. ദിവാകരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം സര്‍ക്കാരും ഇടതുമുന്നണിയുമായി ധാരണയിലെത്തി തീര്‍ത്തതാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ വെളിപ്പെടുത്തി. ഇതിന് മുന്‍കൈയെടുത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയില്‍ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്താണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മന്‍ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്’-ദിവാകരന്‍ വ്യക്തമാക്കി. എന്നാല്‍, ദിവാകരഹസ്യ ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരന്‍ തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ യില്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎല്‍എയായി വിഎസ് സഭയില്‍വന്നു. വിഎസിന്റെ ആ അവസ്ഥയില്‍ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോള്‍ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയില്‍ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോള്‍ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടില്‍ എല്‍ഡിഎഫിന് നാലു സീറ്റുകള്‍ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചര്‍ച്ച ചെയ്യുന്നു. വിവാദമായ ഹാരിസണ്‍ പ്ലാന്റേഷന്‍ കേസില്‍ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലില്‍ ഒപ്പിടീച്ചത് അന്നത്തെ തൊഴില്‍മന്ത്രി പി കെ ഗുരുദാസന്റെ നിര്‍ബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താന്‍ വിലക്കിയിരുന്നതായും സി ദിവാകരന്‍ പറയുന്നു. ”ഹാരിസണ്‍ പ്ലാന്റേഷന്‍ തോട്ടം ദീര്‍ഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടം തുറക്കാന്‍ തൊഴില്‍മന്ത്രി ഗുരുദാസന്‍ ഇടപെടല്‍ നടത്തി. ഹാരിസണ്‍ പ്ലാന്റേഷന്‍ തുറക്കാനുള്ള ഫയല്‍ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോള്‍ മന്ത്രി ഗുരുദാസന്‍ അവിടെവച്ച് ഫയലില്‍ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാന്‍ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലില്‍ ഒപ്പിടരുതെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലില്‍ ഒപ്പിട്ടു. വന്‍കിട തോട്ടം ഉടമയെ സംരക്ഷിക്കാന്‍ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സര്‍ക്കാരിന്റെ പേരില്‍ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവര്‍ നിരാശരായി’-അദ്ദേഹം വെളിപ്പെടുത്തി.