എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം ലഭിച്ചു: രാഹുൽ ഗാന്ധി

കാലിഫോർണിയ: പാർലമെന്റ് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഹുൽഗാന്ധി അമേരിക്കയിൽ എത്തിയത്. 10 ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് താൻ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അമേരിക്കയിലുണ്ട്. അവരുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനും എല്ലാം തനിക്ക് താല്പര്യമാണ്. അത് തന്റെ കടമയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരം വിദേശയാത്രകളിൽ താൻ ആരുടെയും പിന്തുണ തേടാറില്ല. പ്രധാനമന്ത്രി ഇവിടേക്ക് വരാത്തത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. രണ്ടായിരത്തിലായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം. താൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അയോഗ്യനാക്കപ്പെട്ടതോടെ തനിക്ക് വലിയൊരു അവസരം ലഭിച്ചുവന്നും രാഷ്ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.