തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ ഈ വര്‍ഷം 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് ധാരണ.
വിദ്യാഭ്യാസ അവകാശ നിയമവും കെഇആര്‍ അനുസരിച്ചും 220 പ്രവൃത്തിദിനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചില്‍ അധികരിക്കരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും, വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തില്‍ പ്രവൃത്തിദിനങ്ങള്‍ നിശ്ചയിക്കണമെന്നും ശിവന്‍കുട്ടി. അഭിപ്രായപ്പെട്ടു.
അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങള്‍ 220 ആക്കാനുള്ള ശുപാര്‍ശ. 28 ശനിയാഴ്ചകള്‍ ക്ലാസെടുക്കാനായിരുന്നു നിര്‍ദേശം. പിന്നാലെ അധ്യാപകസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

