ലോക പുകയില വിരുദ്ധ ദിനം; പുകവലി ഉപേക്ഷിക്കാൻ ചില വഴികൾ ഇതാ….

ഇന്ന് മെയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട് ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. പുകവലിക്കാൻ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നതും പുകവലി കുറയ്ക്കാൻ സഹായിക്കും.

പലരും പുകവലി ശീലമാക്കുന്നത് മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനാണ്. എന്നാൽ മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ മറ്റു വഴികൾ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാൻ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും ഇതിനായി തിരഞ്ഞെടുക്കാം.

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.