ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറി; മെറ്റക്ക് പിഴ

ഡബ്ലിന്‍: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറിയതിന് മെറ്റയ്ക്ക് 1.3 ബില്യന്‍ ഡോളര്‍(ഏകദേശം 10,000 കോടി രൂപ) പിഴ. ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ആണ് കമ്ബനിയ്ക്ക് പിഴ ചുമത്തിയത്. യൂറോപ്യന്‍ യൂനിയന്റെ വിവര കൈമാറ്റ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2018 മേയ് 25ന് നിലവില്‍ വന്ന ഇ.യു ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണ് മെറ്റയ്ക്കെതിരെ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ വിവരം യു.എസിലേക്ക് കൈമാറിയെന്ന് കണ്ടെത്തിയത്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്കിനെതിരെയാണ് കുറ്റാരോപണം. നീതീകരിക്കാനാകാത്ത പിഴയാണിതെന്ന് മെറ്റ വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു. അനാവശ്യ പിഴയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ചുമത്തിയത്. ഇതിനെതിരെ നിയമനടപടി കൈക്കൊള്ളും. പിഴ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലെ കമ്ബനി ആസ്ഥാനത്താണ് സൂക്ഷിക്കുന്നത്. ഇതിനെതിരെ സ്വകാര്യതാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആസ്ട്രിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഫേസ്ബുക്കിനെതിരെ നിയമയുദ്ധം നടത്തുന്നുണ്ട്. തുടര്‍ന്നാണ്, ഇ.യു പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി യു.എസില്‍ എത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചത്.