പ്രതിസന്ധികള്‍ മറികടന്ന് ജയവുമായി തയിപ് എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുകള്‍ നേടി തയിപ് എര്‍ദോഗാന് ജയം. കടുത്ത മത്സരത്തിനൊടുവിലാണ് എര്‍ദോഗാന്‍ വീണ്ടും തുര്‍ക്കിയുടെ ഭരണസിരാകേന്ദ്രത്തിലെത്തുന്നത്.ആറ് പാര്‍ട്ടികളുടെ സഖ്യമായി മത്സരിച്ച എതിര്‍ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറലുവിന് 47 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഭൂചലനം, അരലക്ഷം പേര്‍ മരിച്ച ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തന പാളിച്ചകള്‍, രണ്ട് പതിറ്റാണ്ട് പിന്നിട്ട ഭരണത്തിനെതിരായ ജനവികാരം, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി, എതിരായ അഭിപ്രായ സര്‍വ്വേകള്‍, എര്‍ദോഗാന്‍ ഇത്തവണ തോല്‍ക്കുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജയിക്കാനായില്ല. അന്ന് മൂന്നാം സ്ഥാനത്തെത്തിയ സിനാന്‍ ഓഗന്റെ പിന്തുണ ഉറപ്പിച്ചാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനിറങ്ങിയത്. എന്നാല്‍, 52 ശതമാനം വോട്ടോടെ ആധികാരിക ജയം.

1994ല്‍ ഇസ്താംബുള്‍ മേയറായാണ് എര്‍ദോഗാന്റെ അധികാര രാഷ്ട്രീയത്തിലെ തുടക്കം. 2001ല്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടി രൂപീകരിച്ചു. 2002ല്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയെങ്കിലും കോടതിയുടെ വിലക്കിനെ തുടര്‍ന്ന് മത്സരിക്കാനായില്ല. ശേഷം 2003ല്‍ പ്രധാനമന്ത്രിയായി. 2014ല്‍ ഭരണഘടന തിരുത്തി പ്രസിഡന്റഷ്യല്‍ ഭരണത്തിലേക്ക് തുര്‍ക്കിയെ മാറ്റി.