മഴക്കാലം; ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലമെത്താറായി. മഴക്കാലത്തിനുമുമ്പായി അപകടങ്ങൾ കുറക്കാനായി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ഡ്രൈവർമാരുടെ ശ്രദ്ധക്ക്,

  1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനും ഇടയിൽ ഒരു പാളിയായി വെള്ളം നിൽക്കുന്നുകൊണ്ടാണിത്. ആയതിനാൽ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകൾ മാറ്റുക.
  2. സാധാരണ വേഗതയിൽ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് നിർത്താൻ കഴിഞ്ഞെന്നു വരില്ല.
  3. വാഹനത്തിന്റെ വെപ്പറുകൾ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാൻ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകൾ.
  4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്‌നലുകൾ കാണിക്കാൻ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്‌നലുകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
  5. പഴയ റിഫ്ളക്ടർ / സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകൾ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്‌ലക്ടറുകളാണ് വേണ്ടത്.
  6. വാഹനത്തിന്റെ ഹോൺ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം
    7.വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ഒരു ‘വലിയ ‘കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.
  7. മുൻപിലുള്ള വാഹനത്തിൽ നിന്നും കൂടുതൽ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.
  8. ബസ്സുകളിൽ ചോർച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം
  9. കുടചൂടിക്കൊണ്ട് മോട്ടോർസൈക്കിളിൽ യാത്രചെയ്യരുത്.
  10. വിൻഡ് ഷിൻഡ് ഗ്ലാസ്സിൽ ആവിപിടിക്കുന്ന അവസരത്തിൽ എ.സി.യുള്ള വാഹനമാണെങ്കിൽ എ.സി.യുടെ ഫ്ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക
  11. മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
  12. റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.
    കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ.