തേനി: കമ്പം ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ പരിഭ്രാന്തി പരത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനാണ് തമിഴ്‌നാട് വനവകുപ്പിന്റെ തീരുമാനം. കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടുമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ മുറിവു പറ്റിയതായി വനംവകുപ്പ് വ്യക്തമാക്കി. വാഹനങ്ങൾ കുത്തിമറിക്കുമ്പോഴുണ്ടായ പരിക്കാണിതെന്നാണ് വിലയിരുത്തൽ.
അരിക്കൊമ്പനെ പിടികൂടാനായി മൂന്ന് കുങ്കിയാനകളുമായി മുതുമലയിൽ നിന്നും ആനമലയിൽ നിന്നും വനംവകുപ്പ് പുറപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വനംവകുപ്പും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ അതിർത്തിയിലേക്ക് പ്രവേശിച്ചാൽ എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
തമിഴ്നാട് അരിക്കൊമ്പനെ പിടികൂടി ഏതെങ്കിലും ഉൾവനത്തിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ, അത് കേരളത്തോട് ചേർന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

