എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്രിവാൾ

മുംബൈ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്ററിലായിരുന്നു കൂടിക്കാഴ്ച നടന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മന്ത്രി അദിഷി മർലെന, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ കേന്ദ്രം ഓർഡിനൻസിലൂടെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്രിവാൾ വ്യക്തമാക്കി.

ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ പിന്തുണ തേടിയാണ് കെജ്രിവാൾ പവാറിനെ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായും കെജ്രിവാൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.