ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിയില്‍ ഇടപടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹര്‍ജിക്കാരനോട് വാദിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വാദം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചോളാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയതോടെ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.
20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്ന നിലപാട് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ബിഎസ്പി അധ്യക്ഷ മായാവതി അസൗകര്യം കാരണം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

