മരുന്ന് സംഭരണ ശാലയിലെ തീപിടുത്തം; അപകടമുണ്ടായത് വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നതിനാലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിൽ തീപിടുത്തമുണ്ടായത് ഫയർഫോഴ്‌സ് മുന്നറിയിപ്പ് അവഗണിച്ചതിനാലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്സ് നോട്ടീസ് നൽകിയിട്ടും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് വിവരം.

ഫയർഫോഴ്സ് മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് നൽകും. ഈ വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിലുണ്ടാകും. ഫയർ സ്റ്റേഷനിൽ നിന്നും 2022 മെയ് 25നു കഴക്കൂട്ടം കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് നോട്ടീസ് നൽകിയിരുന്നു. വീഴ്ചകൾ ഫയർഫോഴ്സ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. കെട്ടിടം ദുർബലമാണെന്നും വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടെന്നും ഫയർ പ്രോട്ടോകോൾ പാലിക്കണമെന്നും നോട്ടീസിൽ വിശദീകരിച്ചിരുന്നു.

തീപിടുത്തത്തിന് പിന്നാലെ ഫയർഫോഴ്‌സ് മേധാവി തന്നെ കെട്ടിടടത്തിന് ഫയർഫോഴ്‌സ് എൻ.ഒ.സി ഇല്ലെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.