വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് പിണറായി വിജയൻ; വിമർശനവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് പിണറായി വിജയനെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് ജനങ്ങളെ കബളിപ്പിച്ചാണ്. പിണറായി വിജയന്റെ ഭരണം പാവങ്ങളെ കുരുതിക്കൊടുത്താണ്. തിരുവന്തപുരത്ത് തീപിടുത്തം അണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ല എന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടിത്തം തീവെട്ടിക്കൊള്ളയുടെ രേഖകൾ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾക്ക് അബദ്ധം പറ്റിയതാണ്. അത് അവർ തിരുത്തുന്ന കാലം വിദൂരത്തല്ല. കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താൻ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടെത്. വൈദ്യുതി, വെള്ളം എല്ലാത്തിനും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് സർക്കാർ ഈ വക ധൂർത്ത് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.