പുതിയ പാർലമെന്റ് ഉദ്ഘാടനം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്ത് അഭിഭാഷകൻ. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി ആർ ജയസുകിൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്‌സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്നും പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.