ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയ്ക്ക് ബ്രിട്ടന് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ സ്വര്‍ണച്ചെങ്കോല്‍ ഈ മാസം 28ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കും. നിലവില്‍ അത് നെഹ്റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ഉള്ളത്.
അന്നത്തെ മദ്രാസില്‍ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ രാജാജിയുടെ താത്പര്യപ്രകാരം മഠാധിപതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചെങ്കോല്‍ നിര്‍മ്മിച്ചത്. വെള്ളിയില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശിയ ചെങ്കോല്‍ മഠത്തിലെ മുതിര്‍ന്ന പുരോഹിതന് ആദ്യം മൗണ്ട്ബാറ്റണ് കൈമാറി. പിന്നീട് തിരികെ വാങ്ങി ഗംഗാജലം തളിച്ച് ഘോഷയാത്രയായി നെഹ്രുവിന്റെ വസതിയില്‍ കൊണ്ടുവന്നു. ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയോട് അടുപ്പിച്ചായിരുന്നു ചെങ്കോല്‍ കൈമാറ്റം.
തമിഴ് കവി തിരുജ്ഞാനസംബന്ധര്‍ രചിച്ച ‘കോളറു പതികം’ ( തിന്മകളെ ഇല്ലാതാക്കുന്ന പാട്ട് ) ചൊല്ലിയാണ് പുരോഹിതര്‍ ചെങ്കോല്‍ നെഹ്രുവിന് കൈമാറിയത്. ഭക്തന്മാര്ക്ക് എല്ലാം ശുഭമാണ് എന്ന് അവസാനിക്കുന്ന ഗീതത്തോടെ ചെങ്കോല്‍ ഏറ്റുവാങ്ങിയാണ് നെഹ്രു പാര്‍ലമെന്റ് ഹൗസിലേക്ക് പോയി വിഖ്യാതമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗം നടത്തിയത്.

