അനധികൃത സ്വത്ത്‌ സമ്പാദനം: കെഎം ഷാജിക്കെതിരെയുള്ള വിജിലൻസ് എഫ് ഐ ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് കെഎം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറാണ് കോടതി സ്റ്റേ ചെയ്തത്. മൂന്നുമാസത്തേക്കാണ് സ്റ്റേ.

കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമ്മിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. സിപിഎം നേതാവും അഭിഭാഷകനുമായ എം ആർ ഹരീഷാണ് കെ എം ഷാജിക്കെതിരെ പരാതി നൽകിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനും പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വിജിലൻസ് ഷാജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന എല്ലാ നിയമ നടപടികളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഷാജിക്ക് എതിരെയുള്ള എഫ്ഐആർ ചെയ്തത്.