കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി

കൊച്ചി: കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ഹൈക്കോടതി. അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയില്ല. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ നീട്ടാൻ വിസമ്മതിച്ചത്.

അവധിക്കാല ക്ലാസുകൾ വേണ്ട എന്നാണ് കാഴ്ചപ്പാട് എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അറിയിച്ചു. തുടർന്ന് അവധിക്കാല ക്ലാസുകൾ സംബന്ധിച്ച വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടു. നേരത്തെ ജസ്റ്റിസ്‌ എ ബദറുദ്ദീന്റെ ബെഞ്ച് അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ സ്റ്റേ ചെയ്തിരുന്നു. കുട്ടികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകൾ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.