തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിൽ അഴിമതി കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗ്ഗങ്ങൾ പരിശോധിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി.
റവന്യൂ വകുപ്പിലെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. മൂന്നുവർഷം തുടർച്ചയായി വില്ലേജ് ഓഫീസുകളിൽ സേവനമനുഷ്ഠിച്ച വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റും. റവന്യൂ ഇന്റലിജൻസ് പരിശോധന ശക്തിപ്പെടുത്തുമെന്നും എല്ലാ മാസവും ലാൻഡ് റവന്യൂ കമ്മീഷണറും റവന്യൂ സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നൽ പരിശോധന നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൈക്കൂലി വാങ്ങി 1.5 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

