ചെന്നൈ: 78-ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേരള മുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തിലായിരുന്നു സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.
ആശംസാ കുറിപ്പ്
‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന പിണറായി വിജയന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ.’
അതേസമയം, യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. 2016 -ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

