എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴയീടാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചാം തീയതിമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനം.

ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നായിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. പൊതുവികാരം കണക്കിലെടുത്ത് കേന്ദ്ര തീരുമാനം വരുന്നതു വരെ 12 വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്രചെയ്താല്‍ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടിയശേഷമായിരിക്കും അന്തിമ തീരുമാനം.

അതേസമയം, 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുളളത്. പദ്ധതി വിവാദമായതോടെ പിഴ ഈടാക്കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ മേയ് അഞ്ച് മുതല്‍ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയിരുന്നു. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസയച്ച് തുടര്‍ നടപടികളിലേക്ക് കടക്കും.