കൊച്ചി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. എസ് ശിവകുമാറിനോട് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി വീണ്ടും നോട്ടീസയച്ചു. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുന്‍മന്ത്രിയോട് ഇഡി വിവരങ്ങള്‍ തേടുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
2016ല്‍ ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചതിന് പിന്നാലെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. 18.5.2011 നും 20.5.2016 നുമിടയില്‍ ശിവകുമാറിന്റെ അടുപ്പക്കാരുടൈ സ്വത്തില്‍ വര്‍ദ്ധനയുണ്ടായെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

