ചൈനയുടെ സ്വാധീനം തടയാൻ തന്ത്രപരമായ നീക്കം; പസിഫിക് ദ്വീപുകൾക്കായി 12 ഇന കർമപദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: പസിഫിക് ദ്വീപുകൾക്കായി 12 ഇന കർമപദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഈ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം തടയാനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. പാപുവ ന്യൂഗിനിയിലെ പോർട്ട് മോർസ്‌ബേയിൽ ഫോറം ഫോർ ഇന്ത്യപസിഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പസിഫിക് ദ്വീപുകൾക്കൊപ്പം ‘നല്ല സുഹൃത്താ’യി ഇന്ത്യ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുക്ക് ദ്വീപുകൾ, ഫിജി, കിരിബാത്തി, മാർഷൽ ഐലൻഡ്‌സ്, മൈക്രോനേഷ്യ, നിയൂ, നൗറു, പലാവു, പാപുവ ന്യൂഗിനി, സമോവ, സോളമൻ ദ്വീപുകൾ, ടോങ്ക, ടുവാലു, വനൗട്ടു എന്നീ 14 പസിഫിക് ദ്വീപ് രാജ്യങ്ങൾക്കാണ് ഇന്ത്യ സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഫിജിയിൽ 100 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി, പാപുവ ന്യൂഗിനിയിൽ ഐടിസൈബർ സുരക്ഷ ഹബ്, എല്ലാ രാജ്യങ്ങളിലും സാഗർ അമൃത് സ്‌കോളർഷിപ്പുകൾ, അടുത്ത 5 വർഷത്തേക്ക് 1000 സ്‌കോളർഷിപ്പുകൾ, പാപുവ ന്യൂഗിനിയിൽ ജയ്പുർ കാൽ മാറ്റിവയ്ക്കൽ ക്യാംപ്, എല്ലാ രാജ്യങ്ങളിലും വർഷത്തിൽ 2 തവണ സമാന ക്യാംപുകൾ, സോളർ പദ്ധതികൾ, എസ്എംഇ വികസന പദ്ധതി, ശുദ്ധജല വിതരണം, സീ ആംബുലൻസുകളുടെ വിതരണം, ഡയാലിസിസ് യൂണിറ്റുകൾ, 24 മണിക്കൂർ ഹെൽപ്ലൈനുകൾ, ജനഔഷധ കേന്ദ്രങ്ങൾ, യോഗ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ.

ഫിജിയിൽ തീരസമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും.