തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോർ എന്ന ഉദ്യോഗാർഥിയാണ് ഒന്നാം റാങ്ക് നേടിയത്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഇത്തവണ ആദ്യ മൂന്ന് റാങ്കും നേടിയത് പെൺകുട്ടികളാണെന്നതാണ് മറ്റൊരു പ്രത്യേകത. പരീക്ഷയിൽ ഗരിമ ലോഹ്യ രണ്ടാം റാങ്കും, എൻ ഉമഹാരതി മൂന്നാം റാങ്കും നേടി. സ്മൃതി മിശ്രയ്ക്കാണ് നാലാം റാങ്ക്. മയൂർ ഹസാരിക എന്ന ഉദ്യോഗാർഥി അഞ്ചാം റാങ്കും സ്വന്തമാക്കി.
സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളികൾക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. മലയാളിയായ ഗഹാനാ നവ്യാ ജയിംസാണ് ആറാം റാങ്ക് നേടിയത്. ഇവരാണ് റാങ്കിൽ മുന്നിലുള്ള മലയാളി എന്നാണ് റിപ്പോർട്ടുകൾ. മലയാളികളായ ആര്യ വി എം 37-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും എസ് ഗൗതം രാജ് 63-ാം റാങ്കും നേടി.
വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. ഐഎഎസിലേക്കു 180 പേർക്ക് നിയമന ശുപാർശ ലഭിച്ചു. 2022 ജൂൺ 5 നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. സെപ്തംബർ 16 മുതൽ 25 വരെ മെയിൻ പരീക്ഷ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. അഭിമുഖങ്ങൾ അവസാനിച്ചത് മെയ് 18നാണ്.

