തിരുവനന്തപുരം: കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറിൽ നിന്നും തീപടർന്നെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് മറവിൽ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നിൽക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ സ്ഥിരം പരിപാടിയാണ് തീപിടുത്തം. സ്വർണക്കടത്തും റോഡ് ക്യാമറയും വിവാദമായപ്പോൾ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം ഉണ്ടായത് എന്തുകൊണ്ടാണ്. നിർണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നിൽ. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ രണ്ട് വർഷത്തിനിടെ ഒൻപത് എംഡിമാർ മാറി മാറി വന്നു. ആവശ്യത്തിൽ കൂടുതൽ മരുന്നുവാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പർച്ചേസിനു പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. അഴിമതി കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഓടിയൊളിക്കുകയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

