കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം ആം ആദ്മിയെ മാതൃകയാക്കി: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ മാതൃകയാക്കിയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആം ആദ്മിയുടെ പ്രകടനപത്രിക മാതൃകയാക്കിയാണ് കര്‍ണാടകയില്‍ സൗജന്യ വൈദ്യുതി, റേഷന്‍, തൊഴിലില്ലായ്മ വേതനം എന്നിവ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ തലത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു. ഈ മാറ്റങ്ങള്‍ കൊണ്ടാണ് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലൂന്നി പലരും വോട്ടു തേടുന്നതും. ജാതി, മതം എന്നിവ നോക്കി വോട്ടു തേടുന്ന സ്ഥിതി ഇന്ന് മാറിയിട്ടുണ്ട്. ബിജെപി പോലും വികസനത്തിലൂന്നിയാണ് തിരഞ്ഞെടുപ്പ് പ്രചരണരംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടിക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത, ജനങ്ങള്‍ മാറ്റത്തിന് തയ്യാറാണെന്നുള്ളതിന്റെ സൂചനയാണ്’- കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.