വേതന വര്‍ധന: തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്‌

വേതന വര്‍ധനവ് ആവശ്യപ്പെട്ട് 72 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടുത്ത മാസം അഞ്ച് മുതല്‍ ഏഴ് വരെയാണ് സമരം.

തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി വേതനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് പരാതി. നിലവില്‍ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ 50% വര്‍ധനവാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ രോഗികളുടെയും നഴ്സുമാരുടെയും അനുപാതം പുനഃക്രമീകരിക്കണമെന്നും നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സമരം സംബന്ധിച്ച നോട്ടീസ് 100 നഴ്‌സുമാര്‍ പ്രകടനമായി എത്തി ഇന്ന് ലേബര്‍ കമ്മീഷന് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഇവര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്.