കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ട മറുപടിയുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.
‘ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ല. ഗാന്ധിജി രക്തസാക്ഷിയാണ്. ഗാന്ധിജി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ? രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ്പ് അങ്ങനെ പ്രസംഗിച്ചത് എന്തിന് വേണ്ടിയാണ്. ആരെ സഹായിക്കാന്‍ ആണ് ഈ പ്രസ്താവന. എന്താണ് ലക്ഷ്യം? ബിഷപ്പിന്റെ നടപടി തെറ്റാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്, അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ല’- ജയരാജന്‍ പറഞ്ഞു.
അതേസമയം, ‘യേശുവിന്റെ 12 ശിഷ്യന്മാര്‍ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാല്‍, പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികള്‍ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികള്‍ മൂലമാണ് യുവാക്കള്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്’- എന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. കെസിവൈഎം തലശേരി അതിരൂപത കണ്ണൂര്‍ ചെറുപുഴയില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷ വേദിയിലായിരുന്നു പാംപ്ലാനിയുടെ വിവാദ പരാമര്‍ശം.

