തിങ്കളാഴ്ച്ച മുതൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ല; അറിയിപ്പുമായി കെഎസ്ആർടിസി

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

ബിവറേജസ് കോർപറേഷന് പിന്നാലെയാണ് കെഎസ്ആർടിസിയും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ബെവ്‌കോ ഓപ്പറേഷൻസ് ജനറൽ മാനേജറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്തെ ഒരു ബിവറേജ് ഔട്ട്ലെറ്റിലും ഇനി 2000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

2000 രൂപയുടെ നോട്ടുകൾ സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവെച്ചുവെന്ന് ആർബിഐ വ്യക്തമാക്കി. ഇനി 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്നും ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. സെപ്തംബർ 30 വരെ നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.

2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ കഴിയൂ.