തിരുവനന്തപുരം: നഗരസഭകളിൽ ഏജന്റുമാർ മുഖേന അഴിമതി നടക്കുന്നുവെന്ന് കണ്ടെത്തി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് നഗരസഭകളിലെ അഴിമതി കണ്ടെത്തിയത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം കോർപറേഷനുകളിൽ നടത്തിയ പരിശോധനകളിൽ 10 ഏജന്റുമാരെ കണ്ടെത്തി.
ഏജന്റുമാർ വഴിയുള്ള അപേക്ഷകളിൽ വേഗത്തിൽ നടപടി പൂർത്തിയാക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു. ‘ക്ലീൻ കോർപ്’ എന്ന പേരിലാണ് നഗരസഭകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകളിൽ അതിവേഗം ഉദ്യോഗസ്ഥർ നടപടിയെടുക്കും. ഇതിന് പ്രതിഫലമായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി, കമ്മിഷൻ എന്നിവ ലഭിക്കുകയും ചെയ്യും. എന്നാൽ, സാധാരണക്കാർ നേരിട്ടു നൽകുന്ന അപേക്ഷകളിൽ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇത് കാലങ്ങളായി കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകളിൽ വളരെ പെട്ടെന്ന് തീരുമാനമുണ്ടാകുന്നത്.
അഴിമതിയ്ക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.

