തിരുവനന്തപുരം: ‘പങ്കാളികളെ കൈമാറൽ’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരള ജനത. കേരളത്തിലും പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന വാർത്തകൾ ഏകദേശം ഒന്നരവർഷം മുൻപാണ് പുറത്തു വന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് അന്ന് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് യുവതിയുമായി രമ്യതയിലെത്തുകയും വീണ്ടും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി.
മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഇയാൾ ഭാര്യയെ വീണ്ടും നിർബന്ധിച്ചു. ഇതോടെ ഭർത്താവുമായി തെറ്റിയ യുവതി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടർന്ന് യുവതിയെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ഭർത്താവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നീട് ഇയാളെ മറ്റൊരിടത്ത് വിഷംകഴിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

