തിരുവനന്തപുരം: രാജ്യത്ത് 2000 രൂപയുടെ നോട്ട് പിന്‍വലിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
‘ഈ നിരോധനവും സമ്പദ്ഘടനക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നതു ശരിയാണെങ്കില്‍ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ഏതായാലും അനുഭവത്തില്‍ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല. 2000 രൂപയുടെ നോട്ട് ലീഗല്‍ ടെണ്ടറായി നിലനിര്‍ത്തിയിട്ടുണ്ട്. അതായത് സെപ്തംബര്‍ അവസാനം വരെ അതുപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താം. 2016 നോട്ട് നിരോധന രാത്രി ഇതു പറഞ്ഞപ്പോള്‍ എന്നെ കളിയാക്കിയവരാണ് പലരും. ഇപ്പോള്‍ ഇത്രയെങ്കിലും സാവകാശം നല്‍കാനുള്ള സന്മനസ് മോദിക്ക് ഉണ്ടായത് നല്ലത്. രാജ്യത്തെ കള്ളപ്പണത്തിന്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിന്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാര്‍ട്ടിക്ക് തങ്ങളുടെ നോട്ടുകള്‍ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016-ന്റെ അനുഭവം.’

