ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം : പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ, വിമർശനവുമായി ആം ആദ്മി

ന്യൂഡൽഹി : ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കായി പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ആണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയവയ്ക്കായി പുതിയ അതോറിറ്റിയെ നിയമിച്ചാണ് ഓർഡിനൻസിറിക്കിയിരിക്കുന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുകയാണെങ്കിൽ ലെഫ്റ്റനന്റ് ഗവർണർ ആയിരിക്കും അന്തിമ തീരുമാനമെടുക്കേണ്ടത്.

അതേസമയം കേന്ദ്ര നടപടിയിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി രംഗത്ത് എത്തി. സുപ്രീംകോടതി വിധിയിലൂടെ പൂർണ്ണ അധികാരം മുഖ്യമന്ത്രിക്ക് ലഭിച്ചത് മറികടക്കാൻ ആണ് കേന്ദ്രസർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയതെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.

ഡൽഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ ആയിരുന്നു സുപ്രീംകോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഹർജിയിൽ ആയിരുന്നു കോടതിയുടെ ഉത്തരവ്. ലെഫ്റ്റനന്റ് ഗവർണർ സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.