കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും: ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും 25 മന്ത്രിമാരും കർണാടകയിൽ ഇന്ന് ചുമതലയേൽക്കും. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. എന്നാൽ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചിട്ടില്ല. തെലുങ്കാന മുഖ്യമന്ത്രിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ വിമർശനവുമായി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. സങ്കുചിതമായ നിലപാടാണ് ഇതെന്നാണ് വിഷയത്തിൽ പ്രകാശ് കാരാട്ടിന്റെ പ്രതികരണം.

അപക്വമായ തീരുമാനമാണ് ഇതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സംഭവത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സിപിഎം ദേശീയ ജനറൽ സെക്രട്ടറിക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടെന്നായിരുന്നു വി ഡി സതീശൻ വ്യക്തമാക്കിയത്.

പാർട്ടി നേതാക്കളെ ആണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി. സിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലേക്ക് എല്ലാ പാർട്ടികളുടെയും നേതാക്കൾക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.