കോട്ടയം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് (എം). സിറ്റിങ് സീറ്റായ കോട്ടയത്തിനു പുറമേ ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ കൂടി ഇടതുമുന്നണിയോട് ആവശ്യപ്പെടാനാണ് തീരുമാനം.
അതേസമയം, കോട്ടയത്തെ നിലവിലെ എം. പി തോമസ് ചാഴികാടന് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ജനതാദളും സിപിഎമ്മും മാറിമാറി ഇടതുപക്ഷത്തു മത്സരിക്കുന്ന മണ്ഡലമാണിത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥിയാണു വിജയിക്കുന്നത്. സീറ്റ് നല്കിയാല് തങ്ങള്‍ക്ക് പത്തനംതിട്ട പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിക്കു നല്കുന്ന വാഗ്ദാനം. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളാണ് എംഎല്‍എമാര്‍.
ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നു മന്ത്രി റോഷി അഗസ്റ്റിന് മാത്രമാണു കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായി നിയമസഭയിലുള്ളത്. എന്നാല്‍, മണ്ഡലത്തിലെ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍ഡിഎഫിനാണു മുന്‍തൂക്കം.

