കോട്ടയം: എരുമേലിയില്‍ കണമല അട്ടിവളയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു മരണം. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്തേല്‍ ചാക്കോച്ചന്‍ (65)ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസിനാണ് (60) പരിക്കേറ്റത്.
വീട്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന ചാക്കോച്ചനെ ഒരു പ്രകോപനവും കൂടാതെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തോമസിനും പരിക്കേറ്റു. ചാക്കോച്ചന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. തോമസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സ്ഥിരമായി ഈ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകര്‍ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാരുടെ പരാതി.

