എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിലെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. കേസിലെ തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീല്‍ നല്‍കിയത്.

1998ല്‍ കൊല്ലം എസ് എന്‍ കോളേജിലെ സുവര്‍ണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതില്‍ 55ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റിയതില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി. കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ഡി പി കൊല്ലംജില്ല വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

അതേസമയം, എസ് എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.