നഗോണ്‍: അസമില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന ജുന്മോനി രാഭ മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് അപകട വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസെത്തി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശില്‍ നിന്നു വരികയായിരുന്ന ട്രക്കാണ് രാഭ സഞ്ചരിച്ച കാറില്‍ ഇടിച്ചത്. ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടതിനാല്‍ ആളെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
അതേസമയം, പ്രതിശ്രുത വരനുമായി ചേര്‍ന്ന് അഴിമതി നടത്തിയതിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ രാഭയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് സസ്പെന്‍ഷനു ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം വഞ്ചനാക്കുറ്റത്തിന് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതോടെയാണ് രാഭ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ബിഹ്പുരിയാ എംഎല്‍എ അമിയ കുമാര്‍ ഭൂയനുമായി രാഭ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതും വിവാദമായിരുന്നു. എന്നാല്‍, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയാണ് രാഭ സ്വീകരിച്ചിരുന്നത്.

