കയറ്റുമതിക്ക് മുമ്പ് കഫ് സിറപ്പുകള്‍ സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകള്‍ സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധിക്കണമെന്ന് ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്‌ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ കാരണമായ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

അംഗീകൃത ലബോറട്ടറിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ ‘വിശകലന സര്‍ട്ടിഫിക്കറ്റ് കയറ്റുമതിക്കാര്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഉസ്ബെക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നു. ആംബ്രോണോള്‍, DOK-1 മാക്സ് എന്നീ സിറപ്പുകളില്‍ വിഷ പദാര്‍ത്ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്. ഹരിയാനയിലെ സോനാപത്തിലുള്ള എംഎസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് നിര്‍മ്മിച്ച് കയറ്റുമതി ചെയ്ത കഫ് സിറപ്പ് ഉപയോഗിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70-ഓളം കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിലെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗാംബിയയിലേക്ക് കയറ്റുമതി ചെയ്യുന്ന സിറപ്പുകളില്‍ കാര്‍ ബ്രേക്ക് ഫ്‌ലൂയിഡില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഗ്ലൈക്കോളും (ഇജി) ഡൈതലീന്‍ ഗ്ലൈക്കോളും (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.