അപകീർത്തിക്കേസ്; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ സമൻസ്

ചണ്ഡിഗഡ്: അപകീർത്തിക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ സമൻസ്. പഞ്ചാബ് കോടതിയാണ് മല്ലികാർജുൻ ഖാർഗെക്കെതിരെ സമൻസ് അയച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബജ്രംഗ് ദളിനെ ഉപമിച്ചതിന്റെ പേരിൽ ഖാർഗെക്കെതിരെയുള്ള 100 കോടി രൂപയുടെ അപകീർത്തിക്കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്. ബജ്രംഗ് ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റായ ഹിതേഷ് ഭരദ്വാജിന്റെ പരാതിയിലാണ് നോട്ടീസ്.

ഖാർഗെ ജൂലായ് 10ന് ഹാജരാകണമെന്ന് സമൻസിൽ വ്യക്തമാക്കുന്നു. ദേശവിരുദ്ധ സംഘടനകളായ സിമി, അൽ ഖ്വയിദ എന്നിവരുമായി ബജ്രംഗ് ദളിനെ താരതമ്യപ്പെടുത്തിയെന്നാണ് ഖാർഗെയ്ക്ക് എതിരെയുള്ള പരാതി. മല്ലികാർജുൻ ഖാർഗെയാണ് ബജ്രംഗ് ദൾ നിരോധിക്കുമെന്ന പരാമർശം ഉൾപ്പെടുന്ന പ്രകടന പത്രിക ബംഗളൂരുവിൽ പുറത്തിറക്കിയത്. കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.

ഇതിന് പിന്നാലെ കോൺഗ്രസിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ബജ്രംഗ് ദളിനെ നിരോധിക്കാൻ ഉദ്ദേശമില്ലെന്നും അത്തരമൊരു സംഘടനയെ നിരോധിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലാണ് വരുന്നതെന്നുമായിരുന്നു കോൺഗ്രസ് നൽകിയ വിശദീകരണം.