ഏലക്കയില്‍ കീടനാശിനി; അരവണയിലെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി

ശബരിമലയില്‍ അരവണയിലെ ഏലക്കയില്‍ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ സാഹചര്യത്തില്‍ അരവണയിലെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഈ അരവണ ഭക്തര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തില്‍ ഒരുവിധ വീഴ്ചകളും പാടില്ല. പരിശോധനാ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറണമെന്നും കോടതി അറിയിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് ലക്ഷത്തിലധികം ടിന്‍ അരവണയുടെ വില്‍പ്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ ആരവണയില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെയും ആവശ്യം.