കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത് വൻ ലഹരിവേട്ട. പിടിച്ചെടുത്ത മയക്കുമരുന്നിൻറെ മൂല്യം 12000 കോടിയോളമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ വിശദമായ പരിശോധനയിലും കണക്കെടുപ്പിലും 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമാകുകയായിരുന്നു. 2525 കിലോ മെത്താആംഫിറ്റമിനാണ് പിടിച്ചെടുത്തത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയുടെ പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ പൗരൻ അറസ്റ്റിലാകുകയും ചെയ്തിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നതെന്ന് അധികൃതർ അറിയിച്ചു.
നേവിയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി എത്തിച്ച മയക്കുമരുന്നാണിത്. ബോട്ടിലാണ് ലഹരി എത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടികൂടാൻ കഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

