തൃശ്ശൂർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണ്ണമായും തറപറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ നാന്ദി കുറിച്ചുകൊണ്ടുള്ള ഫലമാണ് കർണാടകയിലേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ്. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഒല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശുഭസൂചക വാർത്തയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് കേട്ടത്. മതനിരപേക്ഷ ചിന്താഗതിക്കാർ രാജ്യത്തിന്റെ അവസ്ഥയിൽ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും ആർഎസ്എസിന് യോജിപ്പില്ല. ആർഎസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള ബിജെപിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ബിജെപിയ്ക്ക് ഒരു ഭരണത്തുടർച്ച ഉണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. അത്തരം ഒരു സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

