ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ചു. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കർണാടകയിൽ ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഉണ്ടാകും. തങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത് വിദ്വേഷം കൊണ്ടല്ല. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്നും വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്നേഹത്തിന്റെ ഭാഷയിലാണ് കോൺഗ്രസ് പോരാട്ടം നടത്തിയത്. കർണാടകയിലെ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം കോൺഗ്രസ് ഉണ്ടാകും. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വിജയം ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വലിയ വിജയമാണ് കർണാടകയിൽ കോണ്ഡഗ്രസ് നേടിയത്. 134 സീറ്റിലാണ് കോൺഗ്രസിന്റെ ലീഡ്. ബിജെപി 65 സീറ്റിലേക്ക് താഴുകയും ചെയ്തു.

