തമിഴ്‌നാട്ടിൽ വലിയ നിക്ഷേപം നടത്താൻ ഹ്യുണ്ടായ്; ധാരണാപത്രം കൈമാറി

ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ നിക്ഷേപം നടത്താൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. അടുത്ത 10 വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കൊറിയൻ ഓട്ടോമൊബൈൽ കമ്പനിയായ ഹ്യുണ്ടായ് നടത്തിയ പ്രഖ്യാപനം. വാഹന പ്ലാറ്റ്ഫോമുകൾ നവീകരിക്കുന്നതിനും ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായാണ് ഹ്യുണ്ടായ് നിക്ഷേപം നടത്തുന്നത്.

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഉൻസൂ കിമ്മും ഗൈഡൻസ് തമിഴ്നാട് എംഡിയും സിഇഒയുമായ വി.വിഷ്ണുവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജ, ധന-മാനവ വിഭവശേഷി മന്ത്രി തങ്കം തെന്നരസു എന്നിവരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിലേർപ്പെട്ടു. 1,78,000 യൂണിറ്റ് വാർഷിക ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റും കാർ നിർമ്മാതാവ് സ്ഥാപിക്കുമെന്നും സംസ്ഥാനത്തുടനീളം 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

1996 ൽ തന്റെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായ എം കരുണാനിധിയാണ് ഹ്യൂണ്ടായിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റിന് അടിത്തറയിട്ടതെന്ന് പരിപാടിയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. 4,000 കോടി രൂപയുടെ രണ്ടാമത്തെ പ്ലാന്റ് 2008-ൽ കരുണാനിധി തന്നെയാണ് ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തമിഴ്നാടിന് ധാരാളം നിക്ഷേപം ലഭിച്ചതായി ധനകാര്യ മന്ത്രി തെന്നരസുവും അഭിപ്രായപ്പെട്ടു.