കര്‍ണാടകയില്‍ താമര വാടി; അധികാരം ഉറപ്പിച്ച് ‘കൈ’

ബംഗളൂരു: മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. താമരയെ പിഴുതെറിഞ്ഞ് കോണ്‍ഗ്രസിന്റെ തേരോട്ടം തുടരുകയാണ്. നിലവില്‍ 129 സീറ്റിലാണ് 66 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ജെ.ഡി.എസ് 23 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഏഴിടത്ത് മറ്റുള്ളവരാണ് മുന്നില്‍.

കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പായതോടെ ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ജനങ്ങളുടെ ആശംസകള്‍ സ്വീകരിച്ചു. റായ്പൂരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മധുരം വിതരണം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ ദൃശ്യമായ അന്തരീക്ഷം ഇന്ന് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിലും വ്യക്തമായി കാണുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ പ്രചാരണമാണ് നടത്തിയത്. മോദി വന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പ്രതികരിച്ചു. നിലവില്‍ കോണ്‍ഗ്രസിന് 42.93 ശതമാനം വോട്ടും ബിജെപിക്ക് 36.17 ശതമാനം വോട്ടും ജെഡി(എസ്) ന് 12.97 ശതമാനം വോട്ടും ലഭിച്ചു. സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിനു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിര്‍ണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാല്‍, ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആവേശത്തിലാണ്.

അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി. എന്നാല്‍, ഭരണവിരുദ്ധ വികാരമാണ് ബിജെപിയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞത്.