റെയില്‍പ്പാളങ്ങളുടെ നിര്‍മാണവും, നവീകരണവും; സ്വകാര്യകമ്പനികള്‍ക്ക് കരാര്‍ നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ റെയില്‍പ്പാളങ്ങളുടെ നിര്‍മാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ക്കായി സ്വകാര്യകമ്പനികള്‍ക്ക് കരാര്‍ നല്‍കാനൊരുങ്ങി കേന്ദ്രം. റെയില്‍വേയുടെ വിപുലീകരണത്തിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യകമ്പനികള്‍ക്ക് ദീര്‍ഘകാല കരാറുകള്‍ നല്‍കാനുള്ള തീരുമാനമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ ലഹോട്ടി വ്യക്തമാക്കി.

അതേസമയം, അടുത്ത ആറുമുതല്‍ ഏഴുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 2000 അത്യാധുനിക റെയില്‍പ്പാള നിര്‍മാണം നടക്കുമെന്നാണ് റെയില്‍വേയുടെ ആഭ്യന്തര കണക്കുകള്‍ പ്രകാരം സൂചിപ്പിക്കുന്നത്. പത്തുമുതല്‍ 100 കോടിവരെ വിലയുള്ള അറ്റകുറ്റപ്പണി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് റെയിപ്പാളങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നത്. അത് കനത്ത സാമ്പത്തികഭാരമുണ്ടാക്കുന്നതിനാല്‍ യന്ത്രങ്ങളുടെ ലഭ്യത കണക്കിലെടുത്ത് കരാറുകാര്‍ക്ക് പണം നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.

അതിനിടെ രാജ്യത്തെ 18,000 ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഒട്ടേറെ പാലങ്ങള്‍ നിര്‍മിക്കേണ്ടിവരും. ഇന്ത്യയുടെ ഗതാഗതത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍, ഒരുലക്ഷം കിലോമീറ്റര്‍ റെയില്‍പ്പാളം കൂട്ടിച്ചേര്‍ക്കേണ്ടിവരുമെന്നും ലഹോട്ടി അറിയിച്ചു.