തിരുവനന്തപുരം: സംസ്ഥാനത്തെ റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി ഉത്തരവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി. ആഴ്ചയില്‍ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സര്ജന്മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
അതേസമയം, ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകിട്ട് അഞ്ചുമണി മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കും. ഒ പി ബഹിഷ്കരണം തുടരും. തുടര്‍ സമരപരിപാടി തീരുമാനിക്കുമെന്നും പിജി അസോസിയേഷന് പ്രതിനിധി ഡോ. ഇ എ റുവൈസ് പറഞ്ഞു.
പ്രധാന തീരുമാനങ്ങള്‍
ഹൗസ് സര്ജന്മാരുടെ ജോലി നിര്‍വഹിക്കാന്‍ ഹൗസ് സര്‍ജന്‍സ് മാനുവല്‍ ഉണ്ടാക്കും. ഇതിനായി ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറി രൂപീകരിക്കും.
വീക്ക്ലി ഓഫ് കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണും.
ചര്‍ച്ചയുടെ തീരുമാനങ്ങളില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി. പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.
മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്.ഒ.പി പുറത്തിറക്കും.
ഹൗസ് സര്ജന്മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും.
റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും.
അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും.
ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും.
എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും.
മറ്റിടങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടാകും.
ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കും.
ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്കാന് ഡിഎംഇയെ ചുമതലപ്പെടുത്തി.
ന്യായമായ സ്റ്റൈപെന്റ് വര്‍ധനയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും.
മെഡിക്കല്‍ കോളജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും.
ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്.
രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഉറപ്പാക്കണം.
വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ.
അത്യാഹിത വിഭാഗത്തില്‍ രണ്ട് പേര് മാത്രം.
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം.
ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്ക്കും നല്‍കണം.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.
വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കും.
പി.ജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്ജന്മാര് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

