ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായിനോക്കി ഇരിക്കുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം മണി

ഇടുക്കി: നാടിനോട് കൂറില്ലാത്തവരാണ് വനംകുപ്പ് ഉദ്യോഗസ്ഥരെന്നും, നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായിനോക്കി ഇരിക്കുന്നു എന്നും ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ ജോലിചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം എം മണി രംഗത്ത്. ഇടുക്കിയിലെ കമ്പംമേട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എം മണിയുടെ വാക്കുകള്‍

നമ്മുടെ ആളുകളെല്ലാം ഉണ്ട്. റവന്യൂക്കാരും ഫോറസ്റ്റുകാരും പൊലീസും എല്ലാവരും ഉണ്ട്. അവിടെ അതിര്‍ത്തിയില്‍ ഒരു കരിയില അനങ്ങിയെന്ന് കണ്ടാല്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെല്ലാം അന്നേരം ഇവിടെ വരും. ഇവിടത്തെ പൊലീസുകാരനടക്കം ഒരുത്തനും തിരിഞ്ഞു നോക്കുകേല. ചിക്കിലി മേടിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ എന്തേലും കിളകിളച്ചാല്‍ തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ വരും. നമ്മുടെ ഉദ്യോഗസ്ഥര്‍ക്കുണ്ടല്ലോ യാതൊരു കൂറുമില്ലാത്ത ഒരു സൈസ് ആളുകള്. തമിഴ്‌നാട്ടിലെ റവന്യൂക്കാരും പൊലീസുകാരും ആ നാട്ടിനോട് കാണിക്കുന്ന കൂറ് ഇവിടത്തെ ഉദ്യോഗസ്ഥന്‍മാരും കാക്കിധാരികളും എല്ലാം ഒന്ന് കണ്ട്പഠിക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അനങ്ങിപ്പോയാല്‍ തമിഴ്‌നാട് ഉദ്യാേഗസ്ഥര്‍ ഇവിടെ വരും. നമ്മുടെ വായിനോക്കികള്‍ ഇവിടെങ്ങുമില്ല. തമാശ പറയുകയല്ല. അത് ഈ ഇരിക്കുന്നവന്മാര്‍ക്കൊക്കെ ബാധകമായ കാര്യമാ ഞാന്‍ ഈ പറയുന്നത്. എനിക്ക് കുറേ നാളായി തോന്നിയ വികാരമാണ് ഞാന്‍ പറയുന്നത്. ചിക്‌ളിയും മേടിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരന്‍ അവരുടെ നാടിനോട് കാണിക്കുന്ന കൂറ് കാണിക്കാത്ത തട്ടിപ്പുകാരാണ് ഇവിടത്തെ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥന്മാരും.

നിങ്ങളിത് കണ്ടുപഠിക്കേണ്ടതാ. അവര്‍ക്ക് ദക്ഷിണ വയ്ക്കണം. അവര്‍ ഇങ്ങോട്ട് കയറിയാലും നമ്മുടെ ആള്‍ക്കാര്‍ക്ക് പരാതി ഇല്ല. അതാ. അത്രവലിയ കൂറാ. നികുതിപ്പണം പിരിച്ച് ശമ്പളം മേടിച്ച് തിന്നുന്നവന്മാര്. എനിക്ക് കുറേ നാളായി തോന്നിയ ഒരു ചൊറിച്ചിലാ ഇത്. പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വയ്ക്കണം. ഈ നിലപാട് മാറ്റിയില്ലെങ്കില്‍ ഇവിടെയിരിക്കുന്നവനെ എല്ലാം മാറ്റി പ്രതിഷ്ടിക്കണം. ഇവിടെങ്ങും വേണ്ട, കാസര്‍കോട്ടോ വേറെങ്ങോട്ടെങ്കിലും വിടണം. എന്നിട്ട് വേറെ ആളെ വയ്ക്കണം.