മുള പൊട്ടിയ ഉള്ളി ഉപയോഗിക്കാമോ എന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. എന്നാലിവ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. രുചിയിലെ വ്യത്യാസം നിങ്ങൾക്ക് അലോസരമാകുമെങ്കിൽ മാത്രം ഇത് ഒഴിവാക്കിയാൽ മതി. ഉള്ളി പെട്ടെന്ന് കേടായി പോകാതിരിക്കാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നനവില്ലാത്ത, എന്നാൽ ചൂട് അധികമായി എത്താത്തതുമായ സ്ഥലത്ത് ഉള്ളി വയ്ക്കുന്നതാണ് നല്ലത്. ഇത് ഉള്ളിയിൽ മുള പൊട്ടുന്നതിനെ പരമാവധി തടയും. ഉള്ള ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉള്ളി സൂക്ഷിക്കുമ്പോൾ ഇതിനൊപ്പം ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ സൂക്ഷിക്കാതിരിക്കണം. ഇവയെല്ലാം ഒരുമിച്ച് സൂക്ഷിക്കുന്നത് ഉള്ളി പെട്ടെന്ന് ചീത്തയാകുന്നതിന് കാരണമാകാം.
ഉള്ളി സൂക്ഷിക്കാൻ ഏറ്റവും നല്ലത് പരുത്തി തുണിയുടെ സഞ്ചികൾ, അങ്ങനെയുള്ള ചാക്ക് എന്നിവയാണ്. ഇത് ഉള്ളി പെട്ടെന്ന് മുള പൊട്ടി കേടാകാതിരിക്കാൻ സഹായിക്കും. ഉള്ളി പ്ലാസ്റ്റിക് സഞ്ചികളിൽ ആക്കി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് തീരെ നല്ല ശീലമല്ല. പ്ലാസ്റ്റിക് കൂടിനുള്ളിൽ ഈർപ്പം തങ്ങിനിൽക്കും. ഇത് ഉള്ളി എളുപ്പത്തിൽ കേടാകാൻ കാരണമാകും.

