തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കര ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിലാണ് ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്‌സ്പീരിയൻസാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരിച്ച കുട്ടിയെ അപമാനിക്കാൻ ആണ് മന്ത്രി ശ്രമിച്ചത്. മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. സർക്കാരിന്റെ പരാജയമാണ് കണ്ടത്. ആരോഗ്യമന്ത്രിയെ ഓർത്ത് തല കുനിച്ച് പോകുകയാണ്. ഡോ വന്ദനയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് മാറിനിൽക്കാൻ കഴിയില്ല. ആരോഗ്യപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
ആരോഗ്യവകുപ്പിൽ ആവശ്യമായ ജീവനക്കാരില്ല. സംസ്ഥാനത്ത് പല ആശുപത്രികളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണം. ആവശ്യമെങ്കിൽ പുതിയ തസ്തികൾ സൃഷ്ടിച്ച കൂടുതൽ പൊലീസിനെ ആശുപത്രികളിൽ നിയോഗിക്കണം. കൊലക്കേസിൽ പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്നമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

