ന്യൂഡൽഹി: ഓൺലൈൻ ടാക്സി സേവനങ്ങൾ, ഡെലിവറി സേവനങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ സ്‌കീം-2023 കരട് നയത്തിന് അംഗീകാരം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും ഈ കരട് നയത്തിലുണ്ട്. ടാക്സികളിൽ പാനിക് ബട്ടണുകൾ നിർബന്ധമാക്കൽ, അടിയന്തര നമ്പറായ 112-മായി സംയോജിപ്പിക്കൽ, വൈദ്യുതവാഹനങ്ങളിലേക്കുള്ള ഘട്ടംഘട്ടമായുള്ള മാറ്റം തുടങ്ങിയവയാണ് നയത്തിലെ പ്രധാനത്തിലെ നിർദ്ദേശങ്ങൾ. ഗവർണർ വി കെ സക്സേനയ്ക്ക് പദ്ധതിയുടെ കരട് അയച്ചു കഴിഞ്ഞു.
കരടിന് അന്തിമരൂപം നൽകുന്നതിനു മുമ്പ് ഇത് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനായി ഗതാഗതവകുപ്പ് സമർപ്പിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. സമയബന്ധിതമായ പരാതികൾ പരിഹരിക്കാനും പദ്ധതിയിലൂടെ കഴിയും. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും നഗരത്തിലെ മലിനീകരണത്തോത് കുറയ്ക്കുകയും ചെയ്യുമെന്നും അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
ഡ്രൈവറുടെ പ്രകടനം മോശമാവുകയാണെങ്കിൽ ഇതു മെച്ചപ്പെടുത്താനായി പ്രത്യേക പരിശീലനവും നൽകുന്നതാണ്. വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ ഓൺലൈൻ മാർഗം ഉപയോഗിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നയം ബാധകമായിരിക്കും. സമയബന്ധിതമായി യാത്രക്കാരുടെ പരാതികൾ പരിഹരിക്കൽ, വാഹന ഫിറ്റ്‌നസ്, മലിനീകരണ നിയന്ത്രണം, പെർമിറ്റുകളുടെ സാധുത എന്നിവ ഉറപ്പാക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

